Wednesday, July 17, 2013

‘നിതാഖാത് ’ ( തരം തിരിക്കല്‍) വ്യവസ്ഥകളും പ്രവാസികളുടെ ഭാവിയും....

 (Categorization )                                 
ഈജിപ്തിലും തുനീഷ്യയിലും യമനിലും ലിബിയയിലുമൊക്കെ ആഞ്ഞടിച്ച ‘മുല്ലപ്പൂ വിപ്ളവ’ത്തിന്‍െറ എടുത്തുപറയേണ്ട സവിശേഷത യുവതയുടെ അത്യപൂര്‍വമായ പങ്കാളിത്തമാണല്ലോ. അറബ് ലോകം യുവാക്കളുടേതാണെന്ന് പറയാറുണ്ട്. ഏത് അറബ് രാജ്യമെടുത്താലും മൊത്തം ജനസംഖ്യയുടെ പകുതിയിലേറെ 25 വയസ്സിന് താഴെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക് തലമുറയായിരിക്കും. മൂന്നുകോടി ജനസംഖ്യയുള്ള (80 ലക്ഷം പ്രവാസികളെ കൂടാതെ ) സൗദിയുടെ സ്ഥിതിയും മറ്റൊന്നല്ല. സമീപരാജ്യങ്ങളില്‍ മാറ്റത്തിന്‍െറ വിപ്ളവങ്ങള്‍ ആഞ്ഞുവീശിയിട്ടും സൗദിയടക്കമുള്ള ജി.സി.സി രാജ്യങ്ങള്‍ക്ക് വെല്ലുവിളികളെ പ്രത്യക്ഷത്തില്‍ അഭിമുഖീകരിക്കേണ്ടിവരാതിരുന്നത് സാമ്പത്തിക സുസ്ഥിതിയില്‍ ഈ ഭരണകൂടങ്ങള്‍ പ്രജകളുടെ ജീവിതനിലവാരം ഉയര്‍ത്താനും ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കാനും പദ്ധതികള്‍ ആവിഷ്കരിച്ചതുകൊണ്ടാണ്. വ്യവസ്ഥിതിക്കെതിരെ ചിന്തിക്കാന്‍ ഇടം നല്‍കരുതെന്ന് സുചിന്തിത തീരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ പ്രജകളെ തൃപ്തരാക്കാന്‍ ബജറ്റില്‍ ബില്യന്‍ കണക്കിന് റിയാലും ദിര്‍ഹമുമാണ് നീക്കിവെച്ചത്. തൊഴില്‍രഹിതരായ യുവാക്കളാവും നാളെ മാറ്റത്തിന്‍െറ വിപ്ളവക്കൊടി ഉയര്‍ത്തി തങ്ങള്‍ക്ക് ഭീഷണിയാവുക എന്ന കണക്കുകൂട്ടലില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണത്തിന് ഊന്നല്‍ നല്‍കുകയും നിയമം കര്‍ശനമാക്കുകയും ചെയ്തു. മറുനാട്ടുകാരായ തൊഴില്‍ സേനയുടെ മേലുള്ള ആശ്രിതത്വം കുറച്ചുകൊണ്ടുവരുക എന്നത് ജി.സി.സി രാജ്യങ്ങള്‍ അടിസ്ഥാന നയമായി ഏറ്റെടുത്തിട്ട് കാലമേറെയായി. സൗദിയില്‍ മാത്രമല്ല, യു.എ.ഇയിലും ഖത്തറിലും മസ്കത്തിലും കുവൈത്തിലുമൊക്കെ ഈ ദിശയില്‍ കടുത്ത നടപടികള്‍ തുടങ്ങിയത് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്്.

സൗദി അറേബ്യയിലെ തൊഴില്‍ മേഖല പലതുകൊണ്ടും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. ‘കഫാലത്ത്’ (സ്പോണ്‍സര്‍ഷിപ്പ് ) വ്യവസ്ഥ സൗദി തൊഴില്‍മേഖലയെ ചൂഷണത്തിന്‍െറയും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളുടെയും പറുദീസയാക്കി മാറ്റിയിട്ടുണ്ടെന്ന് സൗദി മനുഷ്യാവകാശ കമീഷന്‍ ഇടക്കിടെ ഓര്‍മിപ്പിക്കാറുള്ളതാണ്. ഏതെങ്കിലും ഒരു ‘കഫീലി’ന്‍െറ കീഴില്‍ മാത്രമേ ഒരു പ്രവാസിക്കു ജോലി ചെയ്യാനാവൂ. സൗദി പൗരന്മാര്‍ക്ക് മാത്രമേ ബിസിനസിലും വ്യവസായത്തിലും ഏര്‍പ്പെടാന്‍ അധികാരമുള്ളൂ (അടുത്ത കാലത്തായി അംഗീകൃത നിക്ഷേപകര്‍ക്ക് ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്). ഈ നിബന്ധനകള്‍ മറികടക്കാന്‍ മലയാളികളടക്കമുള്ള വിദേശികള്‍ എല്ലാ സ്ഥാപനങ്ങളും ഏതെങ്കിലും സൗദി പൗരന്‍െറ പേരിലായിരിക്കും രജിസ്റ്റര്‍ ചെയ്യുക. ലാഭവിഹിതം അറബിക്ക് കൊടുത്തുകൊണ്ടിരിക്കും. ഇതിനെയാണ് കുറ്റകരമായ ബിനാമി ഇടപാടായി അധികൃതര്‍ ഇപ്പോള്‍ കാണുന്നത്. തൊഴില്‍ വിസയില്‍ വരുന്നവര്‍ ഏത് സ്പോണ്‍സറുടെ പേരിലാണോ വിസ അനുവദിച്ചത് അദ്ദേഹത്തിന്‍െറ കീഴില്‍തന്നെ ജോലി ചെയ്യണമെന്നാണ് നിയമവ്യവസ്ഥ. എന്നാല്‍, സ്വന്തമായി സ്ഥാപനമില്ലാത്ത, അല്ലെങ്കില്‍ തൊഴിലാളികളെ ആവശ്യമില്ലാത്ത സൗദികള്‍ സമ്പാദിക്കുന്ന വിസ മറിച്ചുവില്‍ക്കുകയാണ് പതിവ്. അത്തരം വിസയെയാണ് ഇവിടത്തെ റിക്രൂട്ടിങ് ഏജന്‍റുമാരും വിസ കച്ചവടക്കാരും ‘ഫ്രീവിസ’ എന്ന ഓമനപ്പേരിട്ട് വന്‍തുകക്ക് കൈമാറുന്നത്. ദുരിതങ്ങളുടെ വലയില്‍ ഫ്രീ ആയി കുടുങ്ങാനുള്ള വിസയാണിതെന്ന് ആരും തുറന്നുപറയാറില്ല. ഇങ്ങനെ ഫ്രീവിസയില്‍ എത്തിയവര്‍ ആരുടെയെങ്കിലും കീഴില്‍ ജോലിചെയ്താണ് അവരുടെ ഗള്‍ഫുസ്വപ്നങ്ങള്‍ക്ക് നിറം ചാര്‍ത്തിയിരുന്നത്. ഉദാഹരണത്തിന്, റിയാദിനടുത്ത ബുറൈദയിലെ ഏതെങ്കിലും ഒരറബി നല്‍കിയ ഡ്രൈവര്‍ വിസയില്‍ വന്നവനായിരിക്കും ജിദ്ദ ശറഫിയയില്‍ സ്വകാര്യ കാര്‍ ഡ്രൈവറായി ജോലി ചെയ്യുന്നത്. നജ്റാനിലെ മരുഭൂമിയില്‍ ആടുമേയ്ക്കാന്‍ നിയോഗിക്കപ്പെട്ടവനാവും ദമ്മാമില്‍ കുക്കായി ഒളിച്ചു ജോലി നോക്കുന്നത്. ഇടക്കിടെ ‘ജവാസാത്ത് ’ (പാസ്പോര്‍ട്ട് വിഭാഗം) ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയില്‍ ഇത്തരക്കാര്‍ പിടിക്കപ്പെടുന്നതോടെ ‘തര്‍ഹീല്‍’ (നാടുകടത്തല്‍ കേന്ദ്രം) വഴി സ്വദേശത്തേക്ക് കയറ്റിവിടുകയാണ് പതിവ്. നിതാഖാത് നിയമം കര്‍ക്കശമാക്കിയതോടെ കുടുങ്ങിയിരിക്കുന്നത് ‘കൂലി കഫീലുമാരുടെ’ കീഴില്‍ ജോലിചെയ്യുന്ന ഈ ഗണത്തില്‍പെടുന്ന സാധാരണക്കാരാണ്. ഒന്നാമതായി ഇവരുടെ ‘ഇഖാമ’ (റസിഡന്‍റ് പെര്‍മിറ്റ്) ഇനി പുതുക്കാന്‍ കഴിയില്ല. കാരണം, കൂലി കഫീലുമാരെ ഉന്മൂലനം ചെയ്യുകയാണ് ഭരണകൂടം അടിസ്ഥാനപരമായി ലക്ഷ്യംവെക്കുന്നത്. രണ്ടാമതായി, മറ്റുള്ളവരുടെ വിസയില്‍ വന്നവരെ ജോലിക്കുവെക്കാന്‍ ഒരു സ്ഥാപനത്തിനും ഇനി സാധ്യമല്ല.

വിദേശ തൊഴിലാളികളെ കാര്യമായി ആശ്രയിക്കുന്ന നിര്‍മാണ മേഖലയാണെങ്കില്‍ നിതാഖാത് നിബന്ധന ചെയ്യുന്നത് ചെറിയൊരു ശതമാനം സ്വദേശികളെയെങ്കിലും ജോലിക്കെടുക്കണമെന്നാണ്. ജോലിയുടെ സ്വഭാവവും അന്തസ്സും നോക്കി അത് ഏറിയും കുറഞ്ഞും കൊണ്ടിരിക്കും. മിനിമം അനുപാതം പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഇനി ഒരിഞ്ച് മുന്നോട്ടു നീങ്ങാന്‍ പറ്റില്ല എന്ന ധ്വനിയിലാണ് ചുകപ്പ് വിഭാഗത്തില്‍പെടുന്നത്. ഇവര്‍ക്ക് വ്യവസ്ഥ പാലിക്കാന്‍ നല്‍കിയ കാലാവധി ഈ മാസം 27ന് അവസാനിച്ചതോടെയാണ് ഇപ്പോഴത്തെ സംഭ്രാന്തി തുടങ്ങിയത്. ഒരു സ്ഥാപനത്തില്‍ പത്തില്‍താഴെയാണ് ജീവനക്കാരെങ്കില്‍ നിതാഖാത് നിബന്ധനകള്‍ ബാധകമല്ല. പത്തുപേരുണ്ടെങ്കില്‍ ഒരു സൗദി പൗരനെ വെച്ചാല്‍ ചകുപ്പ് മാറി മഞ്ഞ കത്തും. സൗദി പൗരന്മാര്‍ ജീവനക്കാരായി ഉണ്ടെങ്കിലും മന്ത്രാലയം നിഷ്കര്‍ഷിക്കുന്ന അനുപാതത്തില്‍ ഇല്ലെങ്കില്‍ ആ വിഭാഗം മഞ്ഞയിലായിരിക്കും. ആവശ്യത്തിന് അറബികളെ വെച്ച ശേഷം പച്ചയിലേക്ക് കടന്നു അവര്‍ക്ക് മുന്നോട്ടുപോവാം. അതിനുള്ള കാലാവധിയും കഴിഞ്ഞിട്ടുണ്ട്. ഇനി സര്‍ക്കാര്‍ ആഗ്രഹിക്കുന്ന അത്ര സൗദികളുള്ള സ്ഥാപനമാണെങ്കില്‍ അവരുടെ മുന്നില്‍ പച്ച ലൈറ്റാണ് കത്തുക. സുഗമമായി മുന്നോട്ടുനീങ്ങാം. സൗദി പൗരന്മാര്‍ക്ക് നല്ല പ്രാതിനിധ്യമുള്ള സ്ഥാപനമാണെങ്കില്‍ അവര്‍ ശുഭ്രതയുടെ ‘എക്സലന്‍റ്’ ഗണത്തിലാവും. പച്ച, വെള്ള വിഭാഗങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ആവശ്യത്തിന് വിസ അനുവദിക്കും. ഫീസിളവുണ്ടാവും. മറ്റു ഒട്ടേറെ സൗകര്യങ്ങളും.

‘നിതാഖാത്’ പൊടുന്നനെ പൊട്ടി വീണ ദുരന്തമല്ല; രണ്ടുവര്‍ഷമായി തെറ്റുതിരുത്താനും വ്യവസ്ഥകള്‍ പാലിക്കാനും അധികൃതര്‍ ഓര്‍മപ്പെടുത്തുന്നുണ്ടായിരുന്നു. സ്വദേശിവത്കരണത്തിന്‍െറ വിഷയത്തില്‍ ഇനി പിറകോട്ടില്ല എന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ പൂര്‍ണ അനുമതിയോടു കൂടിയാണ് ആഭ്യന്തര-തൊഴില്‍ മന്ത്രാലയം മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ദിവസം മന്ത്രിസഭ പാസാക്കിയ നിയമം നിയമവിരുദ്ധ താമസക്കാരെ കര്‍ക്കശമായി കൈകാര്യം ചെയ്യാന്‍ അധികാരം നല്‍കുന്നുണ്ട്. തൊഴില്‍ മന്ത്രാലയം നിരത്തുന്ന കണക്കനുസരിച്ച് കാല്‍ലക്ഷം ബിസിനസ്, വ്യവസായ, സര്‍വീസ് സ്ഥാപനങ്ങള്‍ ചുകപ്പ് വിഭാഗത്തില്‍പ്പെടുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വര്‍ക്പെര്‍മിറ്റ് ഇനി പുതുക്കിക്കൊടുക്കില്ല. അതോടെ ഇഖാമ പുതുക്കുക അസാധ്യമാകും. സ്ഥാപനം പൂട്ടുകയേ നിര്‍വാഹമുള്ളൂ. അത്തരമൊരവസ്ഥ സംജാതമാവുകയാണെങ്കില്‍ കേരളം വലിയൊരു ദുരന്തത്തെ തന്നെ കൈനീട്ടി സ്വീകരിക്കേണ്ടിവരും. 20 ലക്ഷം പ്രവാസികള്‍ക്ക് സ്വദേശത്തേക്ക് തിരിച്ചുപോകേണ്ടിവരുമെന്ന ഔദ്യാഗിക ഭാഷ്യം പുലരുകയാണെങ്കില്‍ അതില്‍ നാലിലൊന്നെങ്കിലും മലയാളികളുണ്ടാവുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. മൊത്തം 85 ലക്ഷം വരുന്ന പ്രവാസികളില്‍ ഇരുപത് ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ട് എന്നാണ് നിഗമനം (നമ്മുടെ സര്‍ക്കാറിന്‍െറ കൈയില്‍ ഇതുസംബന്ധിച്ച് ഒരു കണക്കുമില്ല). ഇരുപത് ലക്ഷത്തില്‍ 10-12 ലക്ഷം മലയാളികളുണ്ടാവുമെന്നാണ് പറയപ്പെടുന്നത്.
ഏതെങ്കിലും മന്ത്രിയോ അംബാസഡറോ ഇടപെട്ടതുകൊണ്ട് സൗദി അധികൃതര്‍ നിയമം ഇളവു ചെയ്യുമെന്ന് പ്രതീക്ഷിക്കാന്‍ ഒരു വകയുമില്ല. കാരണം, ഇത് പ്രവാസികളെക്കാള്‍ സൗദി തൊഴിലുടമകളെയാണ് പ്രതികൂലമായി ബാധിക്കുക. ഇന്ത്യന്‍ നയതന്ത്രാലയത്തിന് ആകെ ചെയ്യാനുള്ളത് നാട് കടത്തപ്പെടുന്ന നമ്മുടെ നാട്ടുകാര്‍ക്ക് എത്രയും പെട്ടെന്ന് ഔ്പാസ് വിതരണം ചെയ്ത് അവരെ നാട്ടിലെത്തിക്കുക എന്നത് മാത്രമാണ്. കഴിഞ്ഞ നാല് മാസത്തിനിടയില്‍ രണ്ടു ലക്ഷം നിയമവിരുദ്ധ താമസക്കാരെ കയറ്റിവിട്ട സൗദി അധികൃതര്‍ ഇത്തവണ ദയാദാക്ഷിണ്യം കാട്ടുമെന്ന് പ്രതീക്ഷ വെക്കുന്നത് അസ്ഥാനത്താവാതിരിക്കട്ടെ. ഉള്ളകം നൊന്ത് പ്രാര്‍ഥിക്കുകയേ നിര്‍വാഹമുള്ളൂ.



No comments:

Post a Comment