Tuesday, June 2, 2020

ഉറുമ്പുകൾ നമ്മെ പഠിപ്പിക്കുന്ന പാഠം ...

നമ്മൾ മനുഷ്യർക്ക്‌ ഉറുമ്പുകളുമായി ചില കാര്യങ്ങളിൽ സാദൃശ്യങ്ങളുണ്ട്. മനുഷ്യരെ പോലെ സാമൂഹിക ജീവിതം നയിക്കുന്ന ഷഡ്‌പദങ്ങളാണ് ഉറുമ്പുകൾ.
വളരെ ചിട്ടയായുള്ള സാമൂഹിക ജീവിതം പരിപാലിക്കുന്ന ജീവികളാണ് ഉറുമ്പുകൾ.
മനുഷ്യനെപ്പോലും അത്‍ഭുതപ്പെടുത്തുന്ന രീതിയിൽ ഉറുമ്പുകൾ സാമൂഹിക ജീവിതം ഐക്യത്തോടും, ചിട്ടയോടും മുന്നോട്ട് കൊണ്ട് പോകുന്നു.
അവരിൽ നിന്നും നമുക്ക് പഠിക്കേണ്ട പാഠങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1)അച്ചടക്കം ഉറുമ്പുകൾ ഭക്ഷണം ശേഖരിക്കുന്നത് കണ്ടിട്ടില്ലേ. അന്നന്നത്തേക്കുള്ള ഭക്ഷണം മാത്രം അല്ല അവ ശേഖരിക്കുന്നത്.
അച്ചടക്കത്തോടെ മടി കൂടാതെ തുടർച്ചയായി കഷ്ടപ്പെട്ടാൽ നാളെ നന്നായി ജീവിക്കാൻ കഴിയും എന്ന് അവർ പഠിപ്പിക്കുന്നു.
ഇനി മനുഷ്യരിലേക്ക് വന്നാൽ മിക്ക ആൾക്കാർക്കും പണി ചെയ്യാൻ തന്നെ മടി ആണ്. ഇന്നത്തേക്കുള്ളതു തന്നെ ഉണ്ടാക്കാൻ മടി ഉള്ളവർ പിന്നെ നാളേക്ക് എങ്ങനെ കരുതി വെയ്ക്കും.
പണി ഉള്ള ആൾക്കാരിൽ ചിലർ കിട്ടുന്നത് ഇന്നത്തേക്ക് തികയുന്നില്ല എന്ന് പരാതി പെടുന്നവർ ആണ്. അപ്പോൾ എങ്ങനെ നാളേക്ക് മാറ്റിവെക്കും.
നമ്മുടെ മനസിനെ/ചിന്തയെ പാകപ്പെടുത്തി എടുത്താൽ ഇങ്ങനെയുള്ള നെഗറ്റീവ് പരാതികൾ കൂടെ നാളത്തേക്ക് ഒന്നും ഇല്ലല്ലോ എന്നുള്ള  മാനസിക പിരിമുറുക്കം അതിലൂടെ ഉള്ള ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ നമുക്ക് ഒഴിവാക്കാം.
അതിനു ആദ്യം വേണ്ടത് ഇന്നത്തെ ദിവസം ഏറ്റവും മനോഹരമാണ് എന്ന് മനസിനെ ബോധ്യപ്പെടുത്തുക. അതിനായി രാവിലെ ഉണരുമ്പോൾ സന്തോഷത്തോടു കൂടി ഉണരാനും മറ്റുള്ളവരോട് സന്തോഷത്തോടെ ഇടപെടാനും ശ്രെമിക്കു. നമുക്ക് സന്തോഷം തരാത്ത പ്രെവർത്തനങ്ങൾ /ആളുകൾ /ജോലികൾ ഇതൊക്കെ ഒഴിവാക്കി ഈ ദിവസം മനോഹരം ആക്കുവാൻ ശ്രെമിക്കു. ഇന്നത്തെ ദിവസമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹര ദിവസം എന്ന് നമ്മുടെ മനസിന്‌ മനസിലായി.
കൂടെ നാളെ ഈ സന്തോഷം ഇതേ അളവിൽ നമുക്ക് കിട്ടില്ല എന്നും അതിനു വേണ്ടി ഇന്നേ എന്തെങ്കിലും ചെയ്യേണ്ടതുണ്ട് എന്ന് കൂടി മനസിനെ പഠിപ്പിച്ചെടുക്കുക. ഉദാഹരണത്തിന് ഇന്നത്തെ ജോലി/ ആരോഗ്യം ഒക്കെ എന്നെന്നും ഉണ്ടാകുമെന്ന് ഒരു ഉറപ്പും പറയാൻ കഴിയില്ലല്ലോ. അപ്പോൾ ഉറുമ്പുൽ നിന്നും നമ്മൾ പഠിച്ച ആദ്യ പാഠം ഇന്നത്തെ മനോഹര ദിവസത്തെ നാളെ വരാൻ സാധ്യതയുള്ള സങ്കീർണമായ ദിവസങ്ങളെ മയപ്പെടുത്താൻ വേണ്ടി പോസിറ്റീവ് ആയി ഉപയോഗിക്കാം എന്നാണ്.
2)ഇനി രണ്ടാമത്തെ പാഠം 'ഓർമ്മകൾ ഉണ്ടായിരിക്കണം' എന്നതാണ്.
ഉറുമ്പുകൾ കിലോമീറ്റർ കൾ നടന്നു പോയാലും ആ പോയ വഴികൾ മറക്കാറില്ല. തിരികെ വീട്ടിൽ എത്താനുള്ള അടയാളം പിന്നിട്ട വഴികളിൽ അവശേഷിപ്പിച്ചേ അവർ പോകാറുള്ളു.
നമ്മളും അത് പോലെ ആവണം. ബഹു ഭൂരിപക്ഷം ആൾക്കാരും ഒരു ലക്ഷ്യത്തിലേക്കു പുറപ്പെടുന്നു. ഇടയ്ക്കെപ്പോഴോ ലക്ഷ്യം മറന്നു വഴി തെറ്റി പോയ വഴിക്കു ജീവിക്കുന്നു. ഉറുമ്പുകൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഒരൊറ്റ ലക്ഷ്യമേ ഉള്ളു.
തിരികെ എത്തുമ്പോൾ തനിക്കു കഴിയുന്നതിൽ കൂടുതൽ ഭക്ഷണം കൂട്ടിൽ എത്തിക്കുക. അത് അതുപോലെ സംഭവിച്ചിരിക്കും. അപ്പോൾ പിന്നെ ചില ആളുകൾക്ക് എന്തുകൊണ്ടാണ് ലക്ഷ്യം പിഴക്കുന്നത്. മറ്റൊന്നും കൊണ്ടല്ല ഇടയ്ക്കു വെച്ച് അവരുടെ ലക്ഷ്യം മാറിപോകുന്നതാണ് കാരണം . ഇതിനെയും ഒരു പരിധി വരെ നമുക്ക് നിയന്ത്രിക്കാൻ കഴിയും.
നമ്മുടെ എന്ത് ലക്ഷ്യത്തിനും ആഗ്രഹങ്ങൾക്കും മുൻഗണന ക്രമം (priority) നിശ്ചയിക്കുക. ഇടയ്ക്കു വരുന്ന പുതിയ ആഗ്രഹങ്ങൾ നമ്മുടെ അന്തിമമായ /പരമമായ ലക്ഷ്യത്തെ ഒരു തരത്തിലും ബാധിക്കുന്നതല്ല എന്ന ഉറപ്പു മനസിനെ ബോധ്യപ്പെടുത്താൻ ശ്രെമിക്കു. നമ്മളുടെ യാത്ര എവിടെക്കാണെന്ന് ഇടയ്ക്കിടെ ഓർക്കുന്നത് നന്നായിരിക്കും.
നമ്മുടെ ആഗ്രഹങ്ങൾ ആണ് നമ്മെ അവിടെ എത്തിക്കുന്നത്. അപ്പോൾ ഇതൊക്കെയാണ് ഉറുമ്പുകളിൽ നിന്നും പഠിക്കേണ്ട പാഠങ്ങൾ.എല്ലാവരുടെയും ആഗ്രഹങ്ങൾക്കനുസരിച്ചു ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.

Friday, April 5, 2019

നിങ്ങളൊരു ഹിന്ദുവാണോ ...


നിങ്ങളൊരു ഹിന്ദുവാണോ ...


ഒരുപാട് നാളായി ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ചപ്പോ എന്നോട് ചോദിച്ച ഒരു ചോദ്യമാണ് ഇത്. ആദ്യം ഒന്ന് പകച്ചു പോയെങ്കിലും അതെ  ഹിന്ദു ആണെന്ന് മറുപടിയും പറഞ്ഞു.അപ്പോൾ വന്ന  മറുചോദ്യമാണ് എനിക്ക് ആളുകളുടെ പണ്ടത്തേയും ഇപ്പോളത്തെയും മാനസികാവസ്ഥ മനസിലാക്കി തന്നത്. "ഒരു ഹിന്ദു ആയിട്ടാണോ നിങ്ങൾ ബിജെപി ക്കെതിരെ പോസ്റ്റ് ഇടുന്നത്. ശബരിമലയിൽ കാണിച്ചതൊക്കെ മറന്നോ.ഒന്നുമല്ലേലും നമ്മളൊക്കെ ഹിന്ദുക്കൾ അല്ലെ . അങ്ങനെ ഒരുപാട് കാട് കയറാൻ തുടങ്ങിയ ആളെ മനഃപൂർവം  വഴി തിരിച്ചു വിട്ടത് തിരിച്ചു മറുപടി ഇല്ലാഞ്ഞിട്ടല്ല. മറിച്ചു സൗഹൃദത്തിന്റെ അർത്ഥവും ആഴവും എനിക്ക് അവരെക്കാളും അറിയാവുന്നതു കൊണ്ട് ആണെന്ന് കരുതുന്നു. അപ്പോളാണ് ഒരു കാര്യം ശ്രെദ്ധിച്ചതു. ഈ കാൾ ഞാൻ അങ്ങോട്ട് വിളിച്ചതാണല്ലോ എന്നുമൊരുപാട് നാളായി ഈ സുഹൃത്തിന്റെ ഒരു കോണ്ടാക്റ്റും ഇല്ലായിരുന്നെന്നും. അപ്പൊ ബിജെപിക്കാരല്ലാത്ത എല്ലാവരും അവർക്കു ശതൃക്കൾ മാത്രം  ആയിരിക്കും എന്നും. അതിപ്പോ ബന്ധു ആയാലും അയൽക്കാർ ആയാലും.


ഈ  സുഹൃത്തിനോട് എനിക്ക് പറയാനുള്ളത് ഒന്ന് മാത്രമേ ഉള്ളു. വിശ്വാസം അതല്ലേ എല്ലാം. ഓരോരുത്തരും അവരുടെ രാഷ്ട്രീയത്തിലും മതത്തിലും ആഗ്രഹങ്ങളിലും ജീവിക്കട്ടെ. അതിൽ കൈ കടത്താൻ ആർക്കും അവകാശം ഇല്ല.ശബരിമലയും ആചാര സംരക്ഷണവും മാത്രമല്ല ജീവിതം. മണ്ഡല കാലം എന്ന 41  ദിവസം  മാത്രമല്ല ജീവിതം. ഒരു ശരാശരി മനുഷ്യന്  ഒരു വർഷത്തിൽ വേറെയും ഒരുപാട് പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. അത് കൂടി ഈ തിരഞ്ഞെടുപ്പ് സമയത്തു ഒരു വിഷയം ആക്കാൻ ശ്രമിക്കുക.


പിന്നെ പ്രധാന  ചോദ്യം - നിങ്ങളൊരു  ഹിന്ദു ആണോ എന്ന്. ഞാൻ ആണ് ഹിന്ദു. നിങ്ങളെ പോലെ ഉണർന്നു ഉദ്ധരിച്ച ഹിന്ദു അല്ല. സാധാരണ സാമാന്യ ബോധം ഉള്ള ഹിന്ദു. ആറാം തമ്പുരാൻ പറഞ്ഞ പോലെ. എന്നെ പോലെയുള്ള ഉറങ്ങുന്ന ഹിന്ദുക്കളെ വിളിച്ചുണർത്താൻ ശ്രമിക്കരുത്. അത് അവനവന്റെ അല്ലെങ്കിൽ ബിജെപിയുടെ ശവക്കുഴി തോണ്ടൽ ആവും.
ഞങ്ങളും ഞങ്ങളുടെ വിശ്വാസത്തിൽ ജീവിച്ചു പോട്ടെ. അതല്ലേ ശരി. അത് മാത്രമാണ് ശരി.

Friday, October 5, 2018

ആകാശത്തൂടെ പോയ വെള്ളിടി ഏണി വെച്ചു കേറി തലയ്ക്കു പിടിച്ചു അടിപ്പിച്ച അവസ്ഥയാ ഇപ്പോ കേരളത്തിലെ ഇടതു പക്ഷത്തിന്റെ ...



ആകാശത്തൂടെ പോയ വെള്ളിടി ഏണി വെച്ചു കേറി തലയ്ക്കു പിടിച്ചു അടിപ്പിച്ച അവസ്ഥയാ ഇപ്പോ കേരളത്തിലെ ഇടതു പക്ഷത്തിന്റെ . സുപ്രീം കോടതിക്കും അവരെ കണ്ണുരുട്ടി പേടിപ്പിച്ചു നിർത്തുന്ന ബിജെപി ക്കും  എതിരെ തിരിയുമായിരുന്ന ജനരോഷത്തെ ഞങ്ങൾക്ക് തന്നെ വേണം എന്ന് പറഞ്ഞു  പിടിച്ചു വാങ്ങുകയായിരുന്നു കേരള രാജാവും കൂട്ടരും.


സുപ്രീം കോടതി വിധി പറഞ്ഞു വിധി പകർപ്പ് പുറത്താകുന്നതിനു മുൻപേ ഇവിടെ പോലീസിനെ കാവല് നിർത്താനും ഈ വിധിയുടെ മൊത്തം ക്രെഡിറ്റും തങ്ങൾക്കു കിട്ടാൻ ശബരിമലയിൽ സൗകര്യങ്ങൾ ഉണ്ടാകാനും തുടങ്ങി.( ഈ സൗകര്യങ്ങൾ ഒക്കെ ചെയ്യാനുള്ള  പണം ദുരിതാശ്വാസ നിധിയിൽ നിന്ന് തന്നെ ആകും അല്ലെ. ???). ഇതിനൊക്കെ  വേണ്ടി വരുന്ന ചെലവ് പ്രളയ ദുരിതം അനുഭവിക്കുന്ന പാവങ്ങൾക്കല്ലേ ആദ്യം കൊടുക്കേണ്ടത്.


പ്രളയം വന്നപ്പോ പ്രതീക്ഷിക്കാതെ  കിട്ടിയ കുറച്ചു mileage കാരണം എന്നെപോലെ ഉള്ള  കോൺഗ്രെസ്സുകാർക്കും കുറച്ചു ബഹുമാനം ഒക്കെ തോന്നിയതായിരുന്നു. ഇപ്പൊ അതും പോയി കിട്ടി.പ്രെളയം  കാരണം ജനങ്ങൾ ഒരുപാട് കഷ്ടപ്പെട്ടെങ്കിലും അതിലൂടെ  മുഖ്യന് കിട്ടിയ ജനസമ്മിതി ഒറ്റ ദിവസം കൊണ്ട് അല്ലെ കളഞ്ഞു കുളിച്ചത്. ഉത്തരത്തിൽ ഇരുന്ന ക്രെഡിറ്റ് കിട്ടിയതുമില്ല കക്ഷത്തിൽ ഇരുന്ന ജനസമ്മിതി പോകുകേം ചെയ്തു. .

ഇനിയിപ്പോ ചെയ്യാവുന്നത് ഒന്നേ ഉള്ളു.ജനഹിതം മനസിലാക്കി സ്വമേധയാ ഒരു റിവ്യൂ  ഹർജി  കൊടുത്തു  മുഖം രക്ഷിക്കുക.   

ഇത് വരെ ഉള്ള കണക്കെടുത്താൽ കേരളത്തിൽ ബിജെപി യെ വളർത്തുന്നത് സിപിഎം കാർ തന്നെ ആണെന്ന് നമുക് പറയേണ്ടി വരും.ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സിപിഎം കാരുടെ ജനദ്രോഹ നടപടികളിൽ പെട്ടിട്ടുള്ള ആളുകൾ ആയിരിക്കും ഇപ്പൊ ബിജെപി കോടി പിടിക്കുന്ന ബഹു ഭൂരിപക്ഷം ആൾക്കാരും .

ഇപ്പോളത്തെ നമ്മുടെ ഒരു നാട്ടു നടപ്പു അനുസരിച്ചു കാവി ഉടുത്തവൻ സംഘി,ദേശീയഗാനം പാടുന്നവർ സംഘി ,ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചാലും സംഘി , ഈ കൂട്ടത്തിൽ ഹിന്ദു എന്ന് പറഞ്ഞാലും സംഘി എന്ന ഒരു പട്ടം കൂടി ശബരിമല വിഷയത്തിൽ സിപിഎം വകയായി അവർക്കു കിട്ടി. 


ശബരിമല വിഷയത്തിലും പ്രളയ ദുരിതാശ്വാസം വിതരണം ചെയ്യുന്ന വകയിലും ചെറുതല്ലാത്ത കുറെ വോട്ടുകൾ സിപിഎംനു ഉറപ്പായിട്ടും നഷ്ടപ്പെട്ടിരിക്കും അടുത്ത ഇലക്ഷനിൽ .

Monday, June 26, 2017

പ്രാർത്ഥന എന്തിനു വേണ്ടി ..എപ്പോൾ ... എങ്ങനെ ???...

പ്രാർത്ഥന എന്തിനു വേണ്ടി .....

നമ്മൾ എല്ലാവര്ക്കും പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ ഉണ്ട് .
നമ്മുടെ ആഗ്രഹങ്ങൾ നേടാനുള്ള ഒരു കുറുക്കു വഴി എന്നും പ്രാർത്ഥനയെ വിളിക്കാം അല്ലെ.അല്ലെങ്കിൽ ആഗ്രഹങ്ങൾ നേടാനുള്ള ദൈവത്തിനെ  സോപ്പിടൽ .
ചിലർക്ക് പെട്ടെന്ന് പണക്കാരനാകണം. ചിലർക്ക് ജോലി നേടണം . കിട്ടിയ ജോലിയിൽ ഉയർച്ച നേടണം .വേറെ ചിലർക്ക് രോഗങ്ങൾ ഒന്നും വരാതെ കാക്കണം .വന്ന രോഗങ്ങൾ മാറണം. വേറെ ചിലർക്കോ അടുത്ത വീട്ടുകാരേക്കാൾ എന്തിനും ഏതിനും മുന്നിൽ എത്തണം .വലിയ വാഹനം വേണം . അങ്ങനെ ആഗ്രഹങ്ങൾ ഒരിക്കലും തീരുന്നില്ല. ആഗ്രഹങ്ങൾ കൂടുമ്പോൾ ഇതിനൊക്കെ ഒരു എളുപ്പവഴിയായി പ്രാര്ഥനയെയും കൂട്ടുപിടിക്കുന്നു.


പ്രാർത്ഥനകൾ നമുക്ക്  എപ്പോളും ആത്മ വിശ്വാസം തരുന്നു.സ്വയം വിശ്വാസമില്ലാത്തവർക്കു എപ്പോളും ദൈവത്തിന്റെ ഒരു സഹായം എന്ന പ്രതീക്ഷ നൽകുന്ന വിശ്വാസം മുന്നോട്ടുള്ള ജീവിതത്തിനു നല്ലതു തന്നെ.പ്രാർത്ഥനകൾ നമ്മുടെ മനസിന്റെ വിഷമങ്ങളെയും ടെൻഷനും മാറ്റി തരുന്നു.


എല്ലാ ആൾകാരുടെയും പല ആഗ്രഹങ്ങളും പ്രാർത്ഥനകളും കേൾക്കാൻ ഈ ദൈവത്തിനു സമയം ഉണ്ടാകുമോ എന്തോ. അതിനു പകരം എല്ലാവര്ക്കും ഒരേ പ്രാർത്ഥന മാത്രം ചെയ്‌താൽ എല്ലാവരുടെയും ആഗ്രഹം നടക്കില്ലേ.
'മനുഷ്യന് വേണ്ട സമയത്തു വേണ്ട പോലെ ചിന്തിക്കാനും പെരുമാറാനും ഉള്ള ബുദ്ധി തരണമേഎന്ന് എല്ലാവര്ക്കും ഒന്നിച്ചു പ്രാർത്ഥിച്ചാലോ.അതോടെ ആളുകളുടെ എല്ലാ ടെൻഷനും മാറില്ലേ. ഒരു പ്രതിസന്ധി  ജീവിതത്തിൽ  ഉണ്ടാകുമ്പോൾ അതിനുള്ള നല്ല പരിഹാരം നമുക്കു തന്നെ തോന്നിക്കാൻ ആവട്ടെ പ്രാർത്ഥനകൾ.എന്തിനും പരിഹാരം നമുക്ക് തന്നെ കണ്ടു പിടിക്കാൻ കഴിഞ്ഞാൽ പിന്നെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ ആകില്ലേ.....


So always pray for good thoughts ....



 prayers for what? why? when?